ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു. ലഫ്.ഗവർണറുടെ വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ആംആദ്മി നേതാവ് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സെപ്തംബർ 26, 27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചേരും.
രാജിസമർപ്പിക്കാൻ കെജ്രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും എത്തിയിരുന്നു. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കുമെന്ന പ്രമേയം കഴിഞ്ഞ ദിവസം യോഗത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു

