നിപ; 175 പേർ സമ്പർക്ക പട്ടികയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും 49 പേർ സെക്കന്ററി സമ്പർക്ക പട്ടികയിലുമാണ്. പ്രാഥമിക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നിപ രോഗബാധയുമായി ബന്ധപ്പെട്ട് രാവിലേയും വൈകുന്നേരവും ഓൺലൈനായി അവലോകന യോഗം ചേർന്നു. മലപ്പുറം സർക്കാർ അതിഥി മന്ദിര കോമ്പൗണ്ടിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം. മരണമടഞ്ഞ 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.