പേരുമാറ്റം; വന്ദേ മെട്രോ ട്രെയിൻ ഇനി മുതൽ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന പേരിൽ അറിയപ്പെടും

ന്യൂഡൽഹി: വന്ദേ മെട്രോ ട്രെയിൻ ഇനി മുതൽ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന പേരിൽ അറിയപ്പെടും. ഉദ്ഘാടനത്തിന് തൊട്ടുമുൻപാണ് വന്ദേ മെട്രോ ട്രെയിന്റെ പേരുമാറ്റം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവ്വീസ്.

ആറ് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. 5.45 മണിക്കൂറകൾ കൊണ്ടാണ് ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റർ ദൂരം നമോ ഭാരത് റാപിഡ് റെയിൽ താണ്ടുന്നത്.. ഒമ്പത് സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്. ബുധനാഴ്ചയോടെയാകും ട്രെയിൻ സ്ഥിര സർവീസ് ആരംഭിക്കുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിതെന്നതാണ് മറ്റൊരു സവിശേഷത.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന നമോ ഭാരത് റാപിഡിൽ റിസർവേഷന്റെ ആവശ്യമില്ല. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്