മലപ്പുറം: മഞ്ചേരിയിൽ എംപോക്സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് യുവാവിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തിൽ തുടരുകയാണ്.
ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

