ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിൽ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നൽകിയിരുന്നതായി വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ താൻ ഈ ക്ഷണം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആശയവും പാർട്ടിയുമാണ് തനിക്ക് വലുതെന്ന് പറഞ്ഞാണ് താൻ വാഗ്ദാനം നിരസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ് പൂരിൽ മാധ്യമ പുരസ്‌കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്റെ പേരോ സന്ദർഭമോ ഗഡ്കരി വിശദമാക്കിയില്ല.
പ്രതിപക്ഷത്തിന്റെ ഓഫർ ശക്തമായി നിരസിച്ചു. ഒരു പ്രത്യേക പ്രത്യയശാസ്ത്രവും ഉറച്ച വിശ്വാസവുമാണ് തന്നെ നയിക്കുന്നതെന്ന് താൻ നേതാവിനോട് പറഞ്ഞു. തനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറം തന്ന ഒരു പാർട്ടിയുടെ ഭാഗമാണ് താൻ. ഒരു ഓഫറിനും തന്നെ പ്രലോഭിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.