സീതാറാം യെച്ചൂരിയ്ക്ക് വിട; മൃതദേഹം ഏറ്റുവാങ്ങി എയിംസ് അധികൃതർ

ന്യൂഡൽഹി: അന്തരിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകാനുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങൾ ഒപ്പുവച്ചു. അദ്ദേഹത്തിന്റെ ശരീരം എയിംസ് അധികൃതർ ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസമാണ് സീതാറാം യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

1952 ഓഗസ്റ്റ് 12-നാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യെച്ചൂരി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.