പ്രധാനമന്ത്രിയുടെ ഇടപെടൽ; ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ട് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ യുവാക്കൾക്ക് മോചനം

ന്യൂഡൽഹി: ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ ആറ് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി. റഷ്യൻ സൈന്യത്തിൽ ചേർന്ന ആറ് ഇന്ത്യക്കാരെയാണ് റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ക്യാമ്പുകളിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ, ഗുൽബർഗയിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീർ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവരാണ് ഈ സംഘത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് വിഷയത്തിൽ നിർണായകമായത്.

ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്. വ്യാഴാഴ്ച വൈകുന്നേരം കശ്മീരിൽ നിന്നുള്ള ഒരു യുവാവും കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരാളും മോസ്‌കോയിൽ നിന്ന് വിമാനം കയറിയിരുന്നു.

റഷ്യൻ സർക്കാർ ഓഫീസുകളിൽ ഹെൽപ്പർമാരായി ജോലിക്ക് അപേക്ഷിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്.