കൊച്ചി : സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശി പ്രിൻസാണ് അറസ്റ്റിലായത്. കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സെൻട്രൽ പോലീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പിടിയിലായ ദിവസം ഇയാളുടെ അക്കൗണ്ടിലൂടെ നാലരക്കോടിയുടെ ഇടപാടുകളാണ് നടന്നത്.
ഫെബ്രുവരിയിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രമുഖ വിമാനക്കമ്പനിയുമായി കള്ളപ്പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം യുവാവിനെ വെർച്വൽ അറസ്റ്റ് ചെയ്തത്.

