ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസിൽ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ, സ്ഥിര ജാമ്യം അനുവദിക്കണോ, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. പിന്നീടാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ജയിൽ മോചനം ലഭിക്കും. അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവിൽ വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിലാണ് കേജ്രിവാളിനെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവേ, ജൂൺ 26 ന് സിബിഐയും അറസ്റ്റ് ചെയ്തു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം അനുവദിച്ചതോടെയാണ് കേജ്രിവാളിന്റെ ജയിൽ മോചനത്തിന് വഴി തെളിഞ്ഞത്.

