കോഴിക്കോട്: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പ്രൊഡക്ഷൻ മാനേജർ ടി ടി ജിബുവിന് പരിക്കേറ്റു. അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്നു സെറ്റിലുണ്ടായിരുന്നവർ അറിയിച്ചു.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടക്കാവ് പോലീസാണ് കേസെടുത്തത്. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ജിബു വ്യക്തമാക്കിയിട്ടുണ്ട്.

