ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല; സർക്കാർ ജോലി നൽകുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി കെ രാജൻ. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശ്രുതിക്ക് അവസാനമായി ജെൻസനെ ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിച്ചിരുന്നു. നേരത്തെ ശ്രുതിയെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്.

ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസൻ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. വൈകിട്ട് 3 മണിക്ക് ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.