ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിന് വിട്ടു നൽകും. സെപ്തംബർ 14ന് ഡൽഹി എകെജി ഭവനിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നൽകുക. സിപിഎം കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും. രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരി ചികിത്സയിൽ കഴിഞ്ഞത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി രാഷ്്ട്രീയ പ്രമുഖർ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് നേതാവ ് രാഹുൽ ഗാന്ധിയും യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. തങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്നും രാഹുൽ പറഞ്ഞു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

