500 മെഗാവാട്ട് വൈദ്യുതി; സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കരാറൊപ്പിട്ട് കെ എസ് ഇ ബി

തിരുവനന്തപുരം: കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെ എസ് ഇ ബി കരാറിലേർപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ സോളാർ എനർജി കോർപ്പറേഷനുവേണ്ടി ജനറൽ മാനേജർ (കൊമേഷ്യൽ) എ. കെ. നായിക്കും, കെ എസ് ഇ ബി എൽ നുവേണ്ടി ചീഫ് എഞ്ചിനീയർ (കൊമേഷ്യൽ) സജീവ് ജി. യുമാണ് കരാറിൽ ഒപ്പുവച്ചത്.

സെക്രട്ടേറിയറ്റിലെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ, കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ഡയറക്ടർ (ഫിനാൻസ്) ആർ ബിജു, ശബാശിഷ് ദാസ്, പ്രോജക്റ്റ് ഹെഡ് (SECI) മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതക്കുറവ് രൂക്ഷമായ വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്ന കരാറാണ് ഇന്ന് ഒപ്പുവച്ചിരിക്കുന്നത്. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതിയും പീക്ക് സമയത്ത് 2 മണിക്കൂർ നേരം ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക. വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി 2 മണിക്കൂറോ തവണകളായോ ആവശ്യാനുസരണം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂണിറ്റിന് താരതമ്യേനെ കുറഞ്ഞ നിരക്കായ 3.49 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകും എന്ന സവിശേഷതയുമുണ്ട്. 2026 സെപ്റ്റംബറോടെ ഈ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിത്തുടങ്ങും. 25 വർഷമാണ് കരാർ കാലാവധി.