വയനാട്: ജെൻസന് കണ്ണീരോടെ വിട നൽകി നാട്. വൈകാരിക രംഗങ്ങൾക്കാണ് ഇന്ന് വയനാട് സാക്ഷ്യം വഹിച്ചത്. എങ്ങനെയാണ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. ശ്രുതി മോളോട് താനെന്ത് പറയും എന്നു പറഞ്ഞ് അലമുറയിട്ട ജെൻസന്റെ അമ്മ കണ്ടു നിന്നവരുടെ ഉള്ളിലെല്ലാം നോവ് പടർത്തി. എല്ലാവരുടെയും മനസിൽ മായാത്ത നോവായി ശ്രുതിയുടെ മുഖം നിറഞ്ഞു നിന്നു.
വലിയ ജനക്കൂട്ടമാണ് ജെൻസനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിലാണ് ജെൻസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.
ശ്രുതിക്ക് അവസാനമായി ജെൻസനെ ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിച്ചിരുന്നു. നേരത്തെ ശ്രുതിയെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്.
ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസൻ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

