ധനുഷിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു

ചെന്നൈ: ധനുഷിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു. ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. സംയുക്ത ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജൂലൈ മാസമാണ് ധനുഷിന് വിലക്കേർപ്പെടുത്തിയത്.

പല കാരണങ്ങളാൽ മുടങ്ങിയ ചിത്രങ്ങളുടെ പേരിൽ തേനാൻഡൽ ഫിലിംസിൽ നിന്നും ഫൈവ് സ്റ്റാർ ക്രിയേഷൻസിൽ നിന്നും താരം അഡ്വാൻസ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നൽകിയില്ലെന്ന നിർമ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് ലഭിച്ചത്.

താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നൽകുമെന്ന് ചർച്ചയിൽ ധനുഷ് വ്യക്തമാക്കിയിരുന്നുവെന്നാണ് വിവരം. തേനാൻഡൽ ഫിലിംസുമായി ഒരു സിനിമ ചെയ്യാനും ധനുഷ് സമ്മതിച്ചു. ഈ വ്യവസ്ഥകൾ അംഗീകരിച്ചതോടെയാണ് ധനുഷിന് ഏർപ്പെടുത്തിയ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കിയത്.