റിയാദ്: സംഘർഷ മേഖലയായ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗാസയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണെന്ന് അദ്ദഹം പറഞ്ഞു. നിരപരാധികളായ സാധാരണക്കാർ യുദ്ധമുഖത്ത് മരിച്ചു വീഴുന്നു. ഇത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഗാസയിൽ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചു വീഴുന്നതിൽ ഇന്ത്യക്ക് വേദനയുണ്ട്. അതിനാൽ വെടിനിർത്തലിന് ഇന്ത്യയും പിന്തുണ അറിയിക്കുന്നു. യുദ്ധങ്ങളിൽ ഇന്ത്യയുടെ നിലപാട് എപ്പോഴും സ്ഥിരതയുള്ളതും തത്വാധിഷ്ഠിതവുമാണ്. ഭീകരപ്രവർത്തനങ്ങളെയും ബന്ദികളാക്കുന്നതിനെയും ഇന്ത്യ എക്കാലവും എതിർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക ശാസ്ത്രം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി മേഖലകളിലേക്ക് ഇന്ത്യ- ജിസിസി ബന്ധം വളരുകയാണ്. ഏകദേശം 90 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ ജോലി ചെയ്യുന്നു. ഇന്ത്യക്കും ഗൾഫിനുമിടയിൽ ഒരു പാലമായാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരുടെ ക്ഷേമവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നന്ദി അറിയിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

