ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദ്വേഷമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ സന്ദർശനത്തിനിടെ വാഷിങ്ടൺ ഡിസിയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തോട് സഹതാപം മാത്രമാണുള്ളത്. മോദി തന്റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പല തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്, തനിക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. മോദിയുടെ പ്രവർത്തികളിൽ സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർഎസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാൾ താഴെയാണെന്നാണ് കരുതുന്നത്. അത് ആർഎസ്എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

