സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം കോൺഗ്രസിനാണ്; സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സർക്കാർ വന്നത് മുതൽ സർക്കാർ വിരുദ്ധ വാർത്തകൾ നൽകുന്നു. സർക്കാരിന്റെ തുടക്കം മുതൽ എല്ലാ ഭാഗത്ത് നിന്നും എതിർപ്പായിരുന്നു. ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നത് സിപിഎം – ആർഎസ്എസ് ബന്ധമാരോപിച്ചാണ്. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നൽകിയത് സിപിഎമ്മാണ്. അന്ന് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണ് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.