തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂർ എംഎൽഎ പിവി അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും പാർട്ടിക്കും നൽകിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നൽകുന്നതാണ് അന്വേഷണ സമിതിയെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഏത് പ്രശ്‌നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസ് സമരം, ഇന്ന് കോൺഗ്രസ് സമരവും നടത്തി. കെ സുധാകരൻ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്‌ഐ നേതാവാണ് നടത്തിയതെങ്കിൽ അത് വലിയ തോതിൽ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ഇന്നും സുധാകരൻ പറഞ്ഞത് വാർത്തയാക്കിയില്ല. അൻവറിന്റെ പരാതി ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ നേരത്തെ അൻവറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി സമ്മേളനം നടക്കെ ചർച്ചകൾ ആസൂത്രിതമായി നടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ തീരാൻ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. 100 ശതമാനം അംഗങ്ങളും പങ്കെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങൾ നടത്തുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതിയ അംഗങ്ങളെ പ്രവചിക്കുന്നത് അസംബന്ധം. ബ്രാഞ്ച് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കുകയാണ്. തൃശ്ശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണ്. ഈ പ്രശ്‌നങ്ങൾ നേരത്തെ പരിഹരിച്ചതാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. വ്യാജ വാർത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അജണ്ട വച്ച് നടത്തുന്ന വ്യാജ പ്രചരണമാണിത്. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ടിലാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.