നിവിൻ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജം; തെളിവുകൾ നിരത്തി വിനീത് ശ്രീനിവാസൻ

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണങ്ങളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. നിവിൻ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലർച്ചെ മൂന്നുമണിവരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നു. യാഥാർത്ഥ്യം ഉടൻ തെളിയണം. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാർമ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിൻ പോയത് ഇതിൽ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തിൽ ആയിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കെതിരെ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ ഉന്നയിച്ച ആരോപണം.