തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ ചന്തകൾ വഴി വിൽക്കുന്ന അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഈ വിലവർധന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ ഒരു പൊൻതൂവൽ കൂടിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സർക്കാരിന്റെ ധൂർത്തിനു പണം കണ്ടെത്താൻ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുത്. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ലൈക്കോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുത്. സപ്ലൈക്കോയുടെ ഈ വിലവർധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

