തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇടത് എംഎൽഎ പി വി അൻവർ. താൻ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
രേഖകൾ സഹിതമാണ് അൻവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ.അജിത് കുമാർ. പത്തനംതിട്ട എസ്പി സുജിത് ദാസ് തുടങ്ങിയവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയിരുന്നു.

