തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണം; ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് നടൻ മോഹൻലാൽ. തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായാണ് മോഹൻലാലിന്റെ പ്രതികരണം. താൻ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

നിലവിലെ വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും ‘അമ്മ’ അല്ല ഉത്തരം പറയേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമാനമായ റിപ്പോർട്ട് എല്ലാ മേഖലയിലും വരണം. സിനിമാ മേഖല തകർന്നാൽ ഒരുപാടുപേർ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരും. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സംഘടന വേണം. നിയമനിർമ്മാണം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളിൽ തളർന്നുപോകുന്നവരാണ് കലാകാരന്മാർ. ആര് സംസാരിച്ചു സംസാരിച്ചില്ലായെന്നതല്ല. ഈ വ്യവസായം തകർന്നുപോകരുതെന്നും തനിക്ക് പറയാനുള്ളത് ഇതൊക്കെയാണെന്നും അദ്ദേഹം വിശദമാക്കി.

കേരള പൊലീസിന്റെ കാര്യം അവരാണ് നോക്കേണ്ടത്. താനല്ല. തന്റെ കൈയ്യിൽ നിൽക്കുന്ന കാര്യമല്ല. കോടതിയിലിരിക്കുന്ന കാര്യമാണ്. അതിൽ അന്വേഷണം വേണം. അതിൽ കൂടുതലുള്ള കാര്യങ്ങൾ പറയാൻ ഇല്ല. ഇനി ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രമിക്കാം. ഒരു ദിവസം കൊണ്ട് താരങ്ങൾ എങ്ങനെയാണ് മാധ്യങ്ങൾക്ക് അന്യരായത്. ഒരു ശുദ്ധീകരണം ആവശ്യമായ ഘട്ടമല്ലേ. തങ്ങൾ സഹകരിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.