ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് ഉൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ്ണ ആനന്ദ്. തനിക്കും മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് കൈപ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുപർണ്ണ വ്യക്തമാക്കി. പലതരത്തിലുള്ള സമ്മർദങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, അത്തരം സമ്മർദ്ദങ്ങൾക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപർണ ആനന്ദ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎൽഎ സ്ഥാനം ഒഴിയണം. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണം. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാൽ കേസെടുത്തിട്ട് പോലും എംഎൽഎ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹൻ ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും സുപർണ്ണ വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുൻപോട്ട് പോകാൻ. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങൾ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനിടയാക്കട്ടെയെന്നും സുപർണ്ണ കൂട്ടിച്ചേർത്തു.

