സിനിമയിൽ ചില ആളുകൾക്ക് കൂടുതൽ അധികാരമുണ്ട്; അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിനിമയിൽ കൂടുതൽ അധികാരം ഉള്ള ആളുകളാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രീയ സ്വാധീനത്തിൽ നടപടി മൂടിവയ്ക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ നടനും എംഎൽഎയുമായ മുകേഷിനെ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കുന്നതിനു തുല്യമെന്ന് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. തയാറായില്ലെങ്കിൽ സർക്കാർ രാജി ആവശ്യപ്പെടണമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ, കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്‌റ, ഡോ. സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ. സി. എസ്‌. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ കെ ജയശ്രി,കെ. എ. ബീന തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.