1.73 ലക്ഷം രൂപ വിലയുള്ള ക്യാൻസർ മരുന്ന് കാരുണ്യ ഫാർമസിയിൽ 12,000 രൂപയ്ക്ക്; കേരളത്തിലുടനീളം കൗണ്ടറുകൾ

തിരുവനന്തപുരം: കാരുണ്യ ഫാർമസികൾ വഴി ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. 247 ബ്രാൻഡഡ് മരുന്നുകളാണ് ഇത്തരത്തിൽ ലാഭം കൂടാതെ കാരുണ്യ ഫാർമസി വഴി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.മരുന്നുകൾ വിപണി വിലയിൽനിന്ന് 26 മുതൽ 96 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

എല്ലാ ജില്ലകളിലും കൗണ്ടറുകൾ

ഇടനിലക്കാരില്ലാതെ കമ്പനി വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയാണ് ഇത്ര വിലക്കുറവിൽ ലഭിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കമ്യൂണിറ്റി ഫാർമസികൾ വഴി എല്ലാ ജില്ലകളിലും മരുന്ന് ലഭ്യമാകുന്ന കൗണ്ടറുകൾ പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഒരു കൗണ്ടറിലായിരിക്കും വിൽപ്പന നടത്തുക. ഭാവിയിൽ കൂടുതൽ ഫാർമസികളിൽ കൗണ്ടർ ആരംഭിക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കെ.എം.എസ്.സി.എല്ലിന് ലഭിക്കുന്ന 5 മുതൽ 7 ശതമാനം വരെയുള്ള ലാഭം പൂർണമായും ഒഴിവാക്കിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നതാണ്.

മരുന്നുകൾ 96 ശതമാനം വരെ വിലക്കുറവിൽ

പൊതു വിപണിയിൽ 1.73 ലക്ഷം രൂപ വിലയുള്ള പാസോപാനിബ് 93 ശതമാനം വിലക്കുറവിൽ 11892.38 രൂപയ്ക്കാണ് കാരുണ്യ ഫാർമസിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 2,511 രൂപ വിലയുള്ള സൊലെൻഡ്രോണിക് ആസിഡ് ഇൻജക്ഷൻ 96.39 രൂപയ്ക്ക് ലഭ്യമാക്കും. അബിറാടെറൊൺ, എൻസാലുറ്റമൈഡ് ടാബ്ലറ്റുകൾ, റിറ്റുക്‌സ്വിമാബ്, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ് ഇൻജക്ഷനുകൾ തുടങ്ങി 64 ഇനം ക്യാൻസർ പ്രതിരോധ മരുന്നുകളും കാരുണ്യ കൗണ്ടറുകളിൽ ലഭിക്കുന്നതാണ്.

ആദ്യഘട്ടത്തിൽ മരുന്നു ലഭ്യമാകുന്ന കാരുണ്യ ഫാർമസികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഗവൺമെന്റ്‌കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, കാസർകോട് ജനറൽ ആശുപത്രി തുടങ്ങിയവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മരുന്നുകൾ ലഭിക്കുന്ന കൗണ്ടറുകൾ ഉണ്ടായിരിക്കുക.