തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളും പൊലീസ് അന്വേഷണപരിധിയിലുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരെ അന്വേഷണസംഘം കാണും.
അന്വേഷണസംഘം ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. വനിത ഉദ്യോഗസ്ഥരാകും മൊഴി രേഖപ്പെടുത്തുക. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. പോക്‌സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും.
സിനിമാ മേഖലയിലെ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
പ്രസ്തുത സ്‌പെഷ്യൽ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡി ഐ ജി എസ്. അജീത ബീഗം, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, ലോ&ഓർഡർ എഐജി അജിത്ത് .വി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രൈംബ്രാഞ്ച് എസ്.പി മാരായ മെറിൻ ജോസഫ് , എസ്. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

