തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ നിയമപരമായ എല്ലാകാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് മന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേരുകളുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേരുകൾ വെളിപ്പെടുത്തുന്നത്. അതിനാൽ തന്നെ ഇത്തരം പരാതികളിൽ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. അമ്മയുടെ ഭാരവാഹികൾ ഏത് പാർട്ടിയിലാണ് ചേർന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
തെറ്റ് ചെയ്ത ഒരാളെയും എൽഡിഎഫ് സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി വീണാ ജോർജും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരത്തെ കൃത്യമായി പറഞ്ഞിട്ടുണ്ട്. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. പരാതി നൽകാൻ സഹായം ആവശ്യമെങ്കിൽ അതും സർക്കാർ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്നത് പൊലീസും നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാൻ ഇത്തരമൊരു കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ അത് സ്വീകരിച്ച് തന്നെ സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

