കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് സംരക്ഷിക്കേണ്ട ചിലരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതാരാണന്ന് മന്ത്രിമാർക്കേ അറിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളിൽ പൊലീസ് കേസെടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തെ തുടർന്നാണ് വിഷയത്തിൽ കെ സുരേന്ദ്രൻ പ്രതികരണം നടത്തിയത്.
ഒന്നുകിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് വെറുമൊരു കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം. അല്ലെങ്കിൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്ന വാചകമടി മാത്രം സർക്കാർ നടത്തിയാൽ പോരെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കാണാൻ വിപ്ലവകരമായ നീക്കം നടത്തിയെന്ന വാചക കസർത്ത് സർക്കാർ അവസാനിപ്പിക്കണം. പൊലീസിൽ പരാതി പറഞ്ഞാലും കേസ് എടുക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നടൻ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. മുകേഷിന്റെ കാര്യത്തിലും സമാന സ്ഥിതി. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.