കീവ്: യുക്രൈന് സഹായവുമായി ഇന്ത്യ. അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തദ്ദേശീയമായി നിർമിച്ച നാല് ‘ഭിഷ്മ്’ ക്യൂബുകൾ ഇന്ത്യ യുക്രൈന് സമ്മാനിച്ചു. ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹ്യോഗ് ഹിത & മൈത്രി എന്നതിന്റെ ചുരുക്കെഴുത്താണ് BHISHM. മാനുഷിക സഹായത്തിന്റെ ഭാഗമായി വികസ്വര രാജ്യങ്ങൾക്ക് രൂപകൽപന ചെയ്ത പദ്ധതിയായ ‘ആരോഗ്യ മൈത്രി’ എന്ന പദ്ധതിക്ക് കീഴിലാണ് ഇന്ത്യയുടെ നടപടി.
ഭീഷ്മ് എന്നത് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മെഡിക്കൽ സൗകര്യങ്ങളും ഉപകരണങ്ങളും അടങ്ങുന്ന മൊബൈൽ യൂണിറ്റാണ്. അവശ്യ മരുന്നുകളും ഉപകരണങ്ങളും 15 ഇഞ്ച് വീതമുള്ള ക്യൂബിക്കൽ ബോക്‌സുകളിൽ പായ്ക്ക് ചെയ്തിരിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.
വായു, കടൽ, കര, ഡ്രോൺ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ഇവ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സാധിക്കും. ഒരാൾക്ക് ഒറ്റയ്ക്ക് വേണമെങ്കിലും ഇവ കൊണ്ടുപോകാവുന്നതാണ്. 20 കിലോഗ്രാം മാത്രമാണ് ഓരോ ഭീഷ്മ് ക്യൂബിന്റെയും ഭാരം. റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ നിർണായക നടപടി. നാല് ഭീഷ്മ് ക്യൂബുകളാണ് യുക്രെയ്‌ന് ഇന്ത്യ സമ്മാനിച്ചത്.
ഒടിവ്, ചതവ്, പൊള്ളൽ, രക്തസ്രാവം എന്നിങ്ങനെ 200-ഓളം അടിയന്തര കേസുകൾക്ക് പരിഹാരം കാണാൻ ഭീഷ്മ് ക്യൂബിന് സാധിക്കും. ഇതിന് പുറമേ ശസ്ത്രക്രിയയ്ക്ക് അവശ്യമായ ഉപകരണങ്ങളും ഓക്‌സജിൻ സപ്ലൈയും ഇത് നൽകുന്നു. ഇത്തരത്തിൽ 36 മിനി ക്യൂബുകൾ ചേർന്നാൽ ഒരു മദർ ക്യൂബാകുന്നു. രണ്ട് മദർ ക്യൂബുകൾ ചേരുന്നതാണ് ഒരു ഭീഷ്മ് ക്യൂബ്.

