ഹേമ കമ്മിറ്റി റിപ്പോർട്ട്: പോക്സോ കേസ് പരിശോധിക്കണം, കേസെടുക്കണമെന്ന് ആഭ്യന്തരവകുപ്പിന് പരാതി

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസ് എടുക്കണമെന്ന് ആഭ്യന്തരവകുപ്പിന് പരാതി. അൽത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടി സാമൂഹിക പ്രവർത്തക പി ഇ ഉഷയാണ് പരാതി നൽകിയത്. അതിക്രമം നേരിട്ട കുട്ടി തന്നെ പരാതിപ്പെടണമെന്ന് നിയമത്തിലില്ലെന്ന് പി ഇ ഉഷ പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹേമയുടെ മുമ്പിൽ കൊടുത്ത മൊഴിക്ക്, മജിസ്ട്രേറ്റിന് മുന്നിൽ കൊടുക്കുന്ന മൊഴിയുടെ സാധുതയുണ്ട്. മറ്റുതെളിവുകൾ ആവശ്യമില്ല, ബോധ്യപ്പെടുന്നു എന്നിങ്ങനെയാണ് റിപ്പോർട്ടിലെ ഭാഷ. കുട്ടികൾ ഉപദ്രവിക്കപ്പെട്ടിരിക്കയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അത് പരിശോധിക്കപ്പെടണമെന്നാണ് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

റിപ്പോർട്ടിന്റെ 41-ാം പേജിലെ 83-ാം ഖണ്ഡികയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി. പോക്സോ ആക്ടിന്റെ 19(1) വകുപ്പ് പ്രകാരം ഇത്തരത്തിൽ ഒരു വിവരം കിട്ടിയാൽ അത് പോലീസിനെ അറിയിക്കേണ്ടതാണ്. അതിനാൽ കമ്മറ്റി റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ട് അവർക്ക് പൂർണമായും സൗകര്യപ്രദമായ രീതിയിൽ പോക്സോ നിയമ പ്രകാരമുള്ള നടപടിസ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.