കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചലച്ചിത്ര താരസംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് അമ്മ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നു, അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

