ന്യൂഡൽഹി: ഓഹരി വിപണിയിൽ നിന്ന് അനിൽ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. അഞ്ച് വർഷത്തേക്കാണ് സെബിയുടെ വിലക്ക്. ഓഹരി വിപണിയിൽ ഇടപെടുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ പിഴയും അടയ്ക്കണമെന്നാണ് നിർദ്ദേശം.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിയ്ക്ക് കഴിയില്ല. റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്.
റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാൻ അനിൽ അംബാനി ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തൽ. കമ്പനി ഡയറക്ടർ ബോർഡ് ഇത്തരം വായ്പാ പദ്ധതികൾ നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ അവഗണിച്ചായിരുന്നു നടപടി. ഇതിനായി അനിൽ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയർപേഴ്സൺ സ്ഥാനവും റിലയൻസ് ഹോം ഫിനാൻസിലെ ഓഹരി ഉടമസ്ഥതയും ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ആസ്തികളും വരുമാനവും ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകൾ അനുവദിക്കുന്നതിൽ കമ്പനി അധികാരികൾ അമിത താൽപര്യം കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

