വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താൽക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ രാജൻ. കളക്ട്രേറ്റിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. ഇന്ന് 19 കുടുംബങ്ങളെക്കൂടി താൽക്കാലികമായി പുനരധിവസിപ്പിക്കും. പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ വീടുകൾ സർക്കാർ കെട്ടിടങ്ങൾ, ക്വാർട്ടേഴ്സുകൾ എന്നിവയുടെ ലിസ്റ്റ് ക്യാമ്പിൽ പ്രദർശിപ്പിച്ചിരുന്നു. ഇവ ക്യാമ്പിലുള്ളവർ നേരിട്ട് പോയി പരിശോധിച്ച് താമസിക്കാൻ സന്നദ്ധത അറിയിക്കുന്നവരെയാണ് താൽക്കാലിമായി ഇവിടങ്ങളിലേക്ക് മാറ്റുന്നത്. ആരെയും നിർബന്ധമായും ക്യാമ്പിൽ നിന്നും പറഞ്ഞുവിടുന്നില്ല. മുണ്ടേരിയിലെ നാല് സർക്കാർ ക്വാർട്ടേഴ്സുകളും ,ഒരു ഷെൽട്ടർ ഹോമും രണ്ട് ദിവസത്തിനകം താൽക്കാലിക പുനരധിവാസത്തിനായി സജ്ജമാകും. ഉരുൾപൊട്ടൽ ദുരന്തത്തിൽ 119 പേരെയാണ് കാണാതായിട്ടുള്ളതായി ആദ്യ പട്ടികയിലുള്ളത്. ഇതിൽ 17 കുടുംബങ്ങളിൽ നിന്നുമാത്രം 62 പേരെ കാണാതായിട്ടുണ്ട്.
പരാതികൾ ശ്രദ്ധയിൽപ്പെടുത്താം
താൽക്കാലിക പുനരധിവാസം സാധ്യമാക്കുന്നത് പരാതികൾക്കിടയില്ലാത്ത വിധമാണ്. പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടോയെന്ന് നേരിട്ടും ഫോൺ മുഖേനയും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും പരാതിയുള്ളവർക്ക് 04936 203450 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പുകളായി പ്രവർത്തിക്കുന്ന lസ്‌കൂളുകളിൽ ഉടൻ തന്നെ പഠനം തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലൂം സർക്കാറും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.
സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല
ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കായുള്ള സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായവാഗ്ദാനം നൽകുന്നവരുമായും കൂടിയാലോചിച്ചാണ് പുനരധിവാസം നടപ്പിലാക്കുക. കേന്ദ്രസർക്കാരിന് സമർപ്പിക്കാനുള്ള വിശദമായ റിപ്പോർട്ട് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ സമർപ്പിക്കും.
വായ്പകൾ എഴുതിതള്ളണം
ദുരന്തബാധിതർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾ കേരള ബാങ്ക് മാതൃകയിൽ എഴുതിതള്ളാൻ മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങളിൽ മറ്റ് അംഗങ്ങൾ തുണയില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് പ്രത്യേക പദ്ധതി സർക്കാർ ആലേചിക്കുന്നുണ്ട്.
6 കോടി ധനസഹായം നൽകി
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും 81 പേർക്ക് 3.24 കോടി രൂപയുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 81 പേർക്ക് 1.54 കോടി രൂപയും ഇതിനകം നൽകിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. അടിയന്തരധനസഹായമായി 725 പേർക്ക് പതിനായിരം രൂപ വീതം 72.5 ലക്ഷം രൂപയും അനുവദിച്ചു. 439 പേർക്ക് പ്രതിദിനം 300 രൂപ വീതം ഒരു മാസത്തേക്ക് 39.51 ലക്ഷം രൂപയും ഇതിനകം നൽകി. ഗുരുതരമായി പരിക്കേറ്റ 28 പേർക്ക് 17 ലക്ഷം രൂപയും വിതരണം ചെയ്തു.
മൈക്രോ പ്ലാൻ തയ്യാറാക്കും
കുടുംബശ്രീയുടെ നേതൃത്വത്തിൽ ദുരന്തബാധിതർക്കായി മൈക്രോ പ്ലാൻ തയ്യാറാക്കും. ഇതിനായുള്ള സർവ്വെ 400 കുടുംബങ്ങളിൽ പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. 250 ലധികം കുടംബശ്രീ പ്രവർത്തകരെ ഇതിനായി നിയോഗിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.

