ചെന്നൈ: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ചു. വിജയ് തന്നെയാണ് പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പതാക. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയാണ് വിജയ് പതാക അവതരിപ്പിച്ചത്.
ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് പ്രതികരിച്ചു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

