കേരളം ഇനി ഒരു ബ്രാൻഡ്; ആദ്യ പ്രൊഡക്ട് ഓഫ് കേരള ഉത്പന്നം നാളെ പുറത്തിറക്കും

തിരുവനന്തപുരം: ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാന്റായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്റെ ശ്രമങ്ങൾ വിജയതീരത്തേക്ക് അടുക്കുകയാണ്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ കേരള ബ്രാന്റ് ലൈസൻസ് നാളെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ലൈസൻസ് കൈമാറുക. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ‘കേരള ബ്രാന്റ്’ ലൈസൻസ് ലഭിക്കുക. ഇത്തരമൊരു പ്രത്യേക ലൈസൻസ് ലഭിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിലടക്കം ഈ ഉൽപ്പന്നങ്ങൾക്ക് ആദ്യഘട്ടത്തിൽ മലയാളികൾക്കിടയിലും പിന്നീട് എല്ലാവർക്കുമിടയിലും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായ ഒരു ഐഡന്റിറ്റി നൽകുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാന്റ് ലൈസൻസ്’ കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.