തിരുവനന്തപുരം: സിനിമാ മേഖലയിൽ പ്രതിഫലത്തിന്റെ കാര്യത്തിലും വിവേചനമാണെന്ന് വ്യക്തമാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ പ്രതിഫലം നിശ്ചയിക്കേണ്ടത് സ്ത്രീയോ, പുരുഷനോ എന്ന് നോക്കിയിട്ടല്ല. പ്രതിഫലം നിശ്ചയിക്കുന്നത് അഭിനയം വിലയിരുത്തിവേണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നവർക്ക് മികച്ച പ്രതിഫലം നൽകണം. എന്നാൽ സിനിമാ മേഖലയിൽ നടക്കുന്നത് അതല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിൽ നടീ-നടന്മാരെ സ്വീധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ദീർഘനാളായുള്ള അഭിനയപാടവം പ്രധാന ഘടകമാണ്. അതിന് പുറമേ ആ കഥാപാത്രത്തിനായി അവർ എടുക്കുന്ന പരിശ്രമവും എടുത്തു പറയണം. തല മൊട്ടയടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാൾ കൂടുതൽ പ്രതിഫലമാണ് അതിൽ കുറഞ്ഞ സമയം മാത്രം സ്ക്രീനിലെത്തിയ രണ്ട് നടന്മാർക്ക് നൽകിയത്. ഇത്തരത്തിലുള്ള അന്യായം സിനിമയിൽ പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂനിയർ ആർട്ടിസ്റ്റുകൾ പ്രതിഫലത്തിന്റെ കാര്യത്തിൽ നേരിടുന്നതും കടുത്ത വിവേചനമാണ്. മിനിമം വേതനം പോലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. അസിസ്റ്റന്റ്, അസോസിയേറ്റീവ് ഡയറക്ടർമാരുടെ കാര്യവും വ്യത്യസ്തമല്ല. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇവർക്ക്, അവരുടെ ജോലിക്ക് സമാനമായ വേതനം ലഭിക്കുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

