ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാരിന്റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണ്. ഉന്നത തസ്തികകളിൽ നിന്നും പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണ്. സ്വകാര്യ മേഖലയിൽ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയർപേഴ്‌സൺ ആക്കിയത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

