തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗായിക കെ എസ് ചിത്ര. നിർഭയ സംഭവത്തെക്കാൾ ഭീകരമാണെന്ന് കെ എസ് ചിത്ര വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിത്രയുടെ പ്രതികരണം. കൊൽക്കത്തയിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തെ കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ചിത്ര പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും നാണം കൊണ്ട് മുഖം മറയ്ക്കണം. വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തെക്കാൾ ഭീകരമാണിത്. കേസ് അന്വേഷണത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. വേർപിരിഞ്ഞ ആത്മാവിന് മുന്നിൽ തല കുനിച്ച് താൻ പ്രാർത്ഥിക്കുന്നുവെന്ന് കെ എസ് ചിത്ര കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ ആശുപത്രിക്കുള്ളിൽ ഓഗസ്റ്റ് 9നാണ് വനിതാ ഡോക്ടറുടെ അർദ്ധനഗ്‌ന മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്നും വായിൽ നിന്നും രക്തം വന്നിരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

