വയനാട് ദുരന്തം; ഉരുൾപൊട്ടൽ മേഖലയിൽ പെയ്തിറങ്ങിയത് 10 ശതമാനം അധികമഴ

വയനാട്: രാജ്യത്തെ നടുക്കിയ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേൾഡ് വെതർ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുൾപൊട്ടലിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് സാധാരണയേക്കാൾ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുക, ഭാവിയിൽ ദുരന്തങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്തർദേശീയ കൂട്ടായ്മയാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ.

ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഒറ്റ ദിവസം പെയ്തിറങ്ങിയത് 146 മില്ലിമീറ്റർ മഴയായിരുന്നു. ഈ കണക്ക് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ കനത്ത മഴയാണ്. മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ മണ്ണിടിച്ചിൽ മഴ കൂടുതൽ തീവ്രമാക്കിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മലയോര ജില്ലയായ വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നതുമായ മണ്ണാണ്. ഇവിടങ്ങളിൽ മഴക്കാലത്ത് ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ മലയോര മേഖലകളിലെ നിർമാണം, വനനശീകരണം, ക്വാറികൾ എന്നിവ നിയന്ത്രിക്കണമെന്നും ഗവേഷകർ പറയുന്നു.

ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ കാലാവസ്ഥയിൽ കാതലായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു എന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ‘ലോകം ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് അകന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കും. ഇത്തരം സാഹചര്യത്തിൽ കേരളത്തിൽ ഒരു ദിവസത്തെ മഴയുടെ അളവ് 4 ശതമാനം വരെ വർധിക്കും, ഇത് കൂടുതൽ വിനാശകരമായ മണ്ണിടിച്ചിലുകൾക്കും വഴിവയ്ക്കും’ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.