തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളിൽ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുൾപൊട്ടലിൻറെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ഇന്നലെ സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിൻറെയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോർട്ട് നൽകും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തും.
എൻ.ഐ.ടി സൂറത്ത്കലുമായി ചേർന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാർ സർവേ നടത്താനുദ്ദേശിക്കുന്നുണ്ട്. ഈ സർവേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ ലഭിക്കും. ഈ വിവരങ്ങളുപയോഗിച്ചു കൊണ്ട് വിദഗ്ദ്ധ സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിൻറെ രീതികൾ നിശ്ചയിക്കാൻ സാധിക്കുക. എൻ ഐ ടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ദ്ധൻ ശ്രീ. ശ്രീവത്സാ കോലത്തയാർ ആണ് ഈ സംഘത്തെ നയിക്കുന്നത്. ഡ്രോൺ ഉപയോഗപ്പെടുത്തിയുള്ള ലിഡാർ സർവേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിൻറെ ഏരിയൽ ഫോട്ടോഗ്രാഫ്സ് അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുൻപുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങൾ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയിൽ ഈ പ്രദേശത്തെ ഭൂവിനിയോഗം നിർണയിക്കുമ്പോൾ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സർവ്വേ റിപ്പോർട്ട് സഹായകമാകും.
ലിഡാർ സർവേ വഴി മരങ്ങൾ, മരത്തിൻറെ ഉയരം, പാറകൾ, തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കും. 50 സെൻറിമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

