തികഞ്ഞ ആത്മവിശ്വാസം; യുഎസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഏറ്റവും നല്ല രീതിയിൽ തന്നെ അവരോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സാധാരണ രീതിയിൽ ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ അഭിപ്രായം പറയാറില്ല. നമ്മുടെ ആഭ്യന്തര വിഷയങ്ങളിൽ അവരും അതേ നിലപാട് തുടരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ നോക്കിയാൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.