ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇടക്കാല സർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സ്വത്വത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിലും അംഗീകരിക്കാനാവില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നും ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധമതങ്ങൾ പിന്തുടരുന്ന ആളുകൾക്ക് സുരക്ഷയും ബഹുമാനവും അവിടത്തെ ഇടക്കാല സർക്കാർ ഉറപ്പാക്കുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിയങ്കാ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

