കെഎസ്എഫ്ഇ ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം; ഓണസമ്മാനപ്പദ്ധതിയുമായി ഖാദി ഗ്രാമവ്യവസായ ബോർഡ്

തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കെഎസ് എഫ് ഇയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കെ എസ് എഫ് ഇ ഗ്യാലക്‌സി ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി നൽകുക. ഓരോ ചിട്ടിയിലും 10-ൽ ഒരാൾക്ക് വീതമാണ് സമ്മാനം നൽകുക. 3500 രൂപ വിലയുള്ള സമ്മാനക്കിറ്റാണ് വിജയികൾക്ക് ലഭിക്കുക. 25000 കിറ്റുകൾക്കാണ് കെഎസ് എഫ് ഇ ഖാദി ബോർഡിന് ഓർഡർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടി നറുക്കെടുപ്പിൽ കെഎസ്എഫ്ഇ നൽകുന്ന മെഗാ സമ്മാനങ്ങൾക്ക് പുറമെയാണിത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത വ്യവസായങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ ഖാദി ബോർഡിനു ലഭിച്ച വലിയ സഹായമാണ് ഓർഡറെന്ന് പി ജയരാജൻ പറഞ്ഞു. ആദ്യ സമ്മാനം നൽകലും ഖാദി ബോർഡിന്റെ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും ആഗസ്റ്റ് 19 ന് വൈകിട്ട് അഞ്ചിന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും.

ഓണക്കാലത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങളുടെയും വൈവിധ്യമാർന്ന ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ടെന്നും മുൻ വർഷങ്ങളിലേതു പോലെ തന്നെ 30 ശതമാനം വരെ റിബേറ്റും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിപണിയിലുള്ള വ്യാജ ഖാദി ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാവരുതെന്നും പൂർണമായും ഖാദി മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നിർമിക്കുന്ന കേരളഖാദി ഉത്പന്നങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഓണസമയത്തുള്ള സമ്മാന പദ്ധതിയായി ജില്ലകൾ തോറും ആഴ്ചയിൽ ഒരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ ഓരോ 1000 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ ഒന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും രണ്ടാം സമ്മാനമായി 3000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും മൂന്നാം സമ്മാനമായി 1000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങളും ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് മൊത്തം തുകയുടെയും ഖാദി വസ്ത്രങ്ങൾ വാങ്ങാനാവും.

ഖാദി വസ്ത്രങ്ങളുടെയും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെയും ഉത്പാദനത്തിലും വിൽപ്പനയിലും വലിയ വളർച്ച ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോറൂം വഴിയുള്ള വിൽപനയ്ക്ക് പുറമേ സർക്കാർ സ്ഥാപനങ്ങളും സഹകരണസംഘങ്ങളും കേന്ദ്രീകരിച്ചുള്ള പ്രദർശനവും വിൽപനയും ഫലപ്രദമായി നടന്നുവരുന്നുണ്ട്. മത, സാമുദായിക സംഘടനകളുടെ സഹായവും എടുത്തു പറയേണ്ടതാണ്. ഖാദി ബോർഡ് തന്നെ രൂപീകരിച്ച മാർക്കറ്റിംഗ് ശൃംഖലയായ ‘ഖാദി ലവേഴ്‌സ്’ കൂട്ടായ്മ വഴിയും ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ വിറ്റഴിയുന്നുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ഓർമ്മ കൂട്ടായ്മ ഇത്തരത്തിൽ ഖാദി വസ്ത്രങ്ങൾ ദുബായിലെ കേരളീയം പരിപാടിയിൽ വിൽപ്പന നടത്തിയിരുന്നു. ജർമ്മനി, യുഎസ് എന്നീ രാജ്യങ്ങളിലേക്കും ഖാദി വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നതും ശരീരത്തിന് ഇണങ്ങുന്നതുമായ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയാണ് ഓണവിൽപനയ്ക്ക് ഒരുങ്ങുന്നത്. ഡിജിറ്റൽ പ്രിന്റിംഗ് ഡിസൈനിൽ ചെയ്ത സ്ലിം ഷർട്ടുകൾ, മസ്ലിൻ കോട്ടൺ സാരികൾ, കുർത്തകൾ, ‘ഖാദികൂൾ’ എന്ന പേരിൽ പുറത്തിറക്കിയ പാന്റ്‌സുകൾ, മസ്ലിൻ ഡബിൾ മുണ്ടുകൾ, കുപ്പടം മുണ്ടുകൾ, കളർ മുണ്ടുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ലേഡീസ് ടോപ്പുകൾ, ബെഡ് ഷീറ്റുകൾ, ഉന്നക്കിടക്കകൾ തുടങ്ങിയവ മേളയിൽ ലഭിക്കും.

സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മികച്ച സഹകരണമാണ് അവരുടെ ഭാഗത്ത് നിന്നുള്ളതെന്നും പി ജയരാജൻ പറഞ്ഞു. ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ സർക്കാർ സ്ഥാപനങ്ങളെ സ്റ്റോർ പർച്ചേസ് മാന്വലിൽ നിന്നും ഒഴിവാക്കി സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി ഖാദി ബോർഡിനെ സഹായിക്കണമെന്ന് എല്ലാ സ്ഥാപനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. കെ എസ് എഫ് ഇയുടെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻകം സപ്പോർട്ട് സ്‌കീം, റിബേറ്റ് എന്നിവയിലുള്ള കുടിശ്ശികകൾ ഉടനെ നൽകും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ ആശ്വാസമാണ്. ഗ്രാമ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്റെ ഗ്രാമം, പ്രധാനമന്ത്രി പ്രത്യേക തൊഴിൽദായക പദ്ധതി എന്നിവയുടെ ഗുണഭോക്താക്കളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ, ഖാദിബോർഡ് അംഗങ്ങളായ കെ എ രതീഷ്, എസ് ശിവരാമൻ, സാജൻ തോമസ് തൊടുകയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.