വയനാട്: ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി വ്യാപനം തടയാൻ മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കൽപറ്റ ജനറൽ ആശുപത്രി ഡി.ഇ.ഐ.സി ഹാളിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എൻ1, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടൻ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയിൽപ്പെട്ടാൽ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയിൽ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാമ്പുകളിൽ മാസ്‌ക് നിർബന്ധമാക്കണം.
ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ കഴിഞ്ഞ ആറ് ദിവസമായി കോളുകൾ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൺട്രോൾ റൂം ടെലിമനസുമായി ചേർന്ന് പ്രവർത്തിക്കും. ആരോഗ്യ, ആയുർവേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിക്കും.

