ചൂരൽമലയിലെ ദുരന്ത മേഖല സന്ദർശിച്ച് പ്രധാനമന്ത്രി; ദുരന്തത്തെ കുറിച്ച് വിശദീകരിച്ച് ഉദ്യോഗസ്ഥർ

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ദുരന്ത മേഖല സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളാർമല സ്‌കൂൾ റോഡിലായിരുന്നു അദ്ദേഹം ആദ്യം സന്ദർശനം നടത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകർന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് അദ്ദേഹം ആദ്യം കണ്ടു. ഇതിനുശേഷം അദ്ദേഹം വെള്ളാർമല സ്‌കൂളിലെത്തി. തുടർന്ന് സ്‌കൂളിലെ കുട്ടികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

വെള്ളാർമല സ്‌കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും അദ്ദേഹം ചോദിച്ച് മനസിലാക്കി. ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ച് നൽകിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്‌കൂൾ റോഡിലെ വിവിധ പ്രദേശങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു തുടങ്ങിയവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

സ്‌കൂൾ റോഡിൽ വെച്ച് എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.