വയനാട് ഉരുൾപൊട്ടൽ; കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു; എ കെ ശശീന്ദ്രൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ കാര്യങ്ങൾ എത്രയും പെട്ടന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിക്കണമെന്നും അതാണ് ഇനി തങ്ങളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ജനങ്ങളും സഹകരിച്ച് ഈ ശ്രമകരമായ ദൗത്യം പൂർത്തിയാക്കാനും പ്രതിസന്ധിയെ അതിജീവിക്കാനും കഴിയുമെന്ന പ്രത്യാശ കൂടുതൽ ഉറപ്പിക്കുന്ന ചർച്ചകളാണ് ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം തങ്ങളെപ്പോലുളളവർക്ക് കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശവും നൽകുന്നുണ്ട്. കേരളത്തിന്റെ പ്രതീക്ഷയെ സാധൂകരിക്കുന്ന രീതിയിലുളള പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായത്. എല്ലാ കാര്യവും ചെയ്യാൻ കേന്ദ്ര പങ്കാളിത്തം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി വിശദമാക്കി.

അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടം സമർപ്പിക്കണമെന്നാണ് കേരളത്തിന് പ്രധാനമന്ത്രി നൽകിയ നിർദ്ദേശം.

സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വയനാട് സന്ദർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. മുൻ നിശ്ചയിച്ചതിനേക്കാൾ 2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോയത്.