തിരുവല്ല . വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടൻ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസിന്റെ പിടിയിലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും പൊലീസ് നൽകുന്നത് കൃത്യമായ മുന്നറിയിപ്പ്. വിമർശനം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നതാണ് അജു അലക്സിന്റെ സ്ഥിരം പരിപാടി. ‘ചെകുത്താൻ’ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ ഇയാളുടെ ഇടപെടലുകൾ.
സമൂഹത്തിലെ ഉന്നതരെയും സിനിമാതാരങ്ങളെയും ഉൾപ്പെടെ അജു അലക്സ് വിമർശിക്കാറുണ്ട്. എന്നാൽ, ഇതിനായി ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും സഭ്യമാകില്ല. ഒരിക്കൽ നടൻ ബാല പ്രതികരിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, നടൻ മോഹൻലാലിനെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

