തിരുവനന്തപുരം: ഉറ്റവരെയും കൂടെപ്പിറപ്പുകളെയും നഷ്ടപ്പെട്ട വേദനയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ പണമിടപാടിന്റെ പേരിൽ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കുവാൻ ഈ ഘട്ടത്തിൽ നിർബന്ധിക്കുന്നു എന്നത് അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയവും ചർച്ച ചെയ്തു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നും ദ്രുതഗതിയിൽ ഇത്തരം നിലപാട് സ്വകാര്യ ധനകാര്യ മാനേജ്‌മെന്റുകൾ തുടർന്നാൽ സംസ്ഥാന സർക്കാർ അതിനെ നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കാർഷിക വിളകളാൽ സമൃദ്ധമായിരുന്ന ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായാണ് പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാർഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു എന്നാണ് മേപ്പാടി പഞ്ചായത്തിന്റെ കണക്ക്. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ , കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ. 50 ഹെക്ടർ സ്ഥലത്തെ ഏലം , 100 ഹെക്ടറിൽ കാപ്പി ,70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടർ തേയില, 10 ഹെക്ടർ നാളികേരം,15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ.
കാർഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങൾ, 150 സ്പ്രേയർ, 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ എന്നിവയുടെ നഷ്ടവും വലുതാണ്. വീട്ട് വളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ് അറിയിച്ചു. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി നാശത്തിന്റെയും ആസ്തി നശിച്ചതിന്റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നൽകും.