ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റുന്നതിന് നടപടിയെടുക്കും; ഡിഎൻഎ പരിശോധന ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎൻഎ പരിശോധന ത്വരിതപ്പെടുത്തുമെന്നും ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ഉരുൾപൊട്ടൽ ബാധിതരായി ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി പുഞ്ചിരിമട്ടം മുതൽ അതിന്റെ വഴികളിലൂടെയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരമല ഭാഗത്തും സൂചിപ്പാറ, പോത്തുകല്ല് ചാലിയാർ കേന്ദ്രീകരിച്ചുമാണ് തിരച്ചിൽ. സൈന്യം, അഗ്‌നിരക്ഷാസേന, വനംവകുപ്പ് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.